സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയങ്ങള്‍


മലപ്പുറത്ത് സമാപിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ

1. വികസന പദ്ധതികള്‍ക്കായുള്ള ഭൂമി ആവശ്യം കേരള സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പരിമിതപ്പെടുത്തണം.

കോച്ചുഫാക്‌ടറി, കേന്ദ്രസര്‍വകലാശാല, ഐ.ഐ.ടി. തുടങ്ങി പല ബൃഹദ്‌പദ്ധതികളും ആയിരക്കണക്കിന്‌ ഏക്കര്‍ഭൂമി ഏറ്റെടുത്ത്‌ കൈമാറിയാല്‍മാത്രമേ നടപ്പാക്കാനാകൂ എന്ന നിബന്ധന കേന്ദ്രസര്‍ക്കാർ മുന്നോട്ടു വയ്‌ക്കുന്നത്‌ പതിവായിരിക്കുന്നു. പലപ്പോഴും ഇത്തരം പദ്ധതികൾ ‍കേരളത്തിന്‌ നിഷേധിക്കാനുള്ള ഒരു തന്ത്രമായും ഇത്‌ മാറുന്നുമുണ്ട്‌. വിശാലമായ വെളിമ്പ്രദേശങ്ങൾ ‍സുലഭമായ മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യമല്ല കേരളത്തിലുള്ളത്‌ എന്ന്‌ എല്ലാവര്‍ക്കുമറിയാം. ഭൂമിയാണ്‌ ഇവിടുത്തെ ഏറ്റവും പരിമിതമായ വിഭവം. അതുപോലെ ഭൂപ്രകൃതിയും ഒട്ടേറെ പ്രത്യേകത നിറഞ്ഞതാണ്‌. അതുകൊണ്ടുതന്നെ ഭൂമിയെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ  നമുക്ക്‌ കഴിയണം. വിദേശത്തും മറ്റും അതിവിശാലമായ ക്യാംപസുകളും ഫാക്‌ടറി വളപ്പുകളും ആണ്‌ നാം സാധാരണ കാണാറുള്ളത്‌ എങ്കിലും നഗരപ്രദേശങ്ങളിലുള്ള പല ലോകോത്തര സര്‍വകലാശാലകളും ഉത്‌പാദന കേന്ദ്രങ്ങളും വളരെ കുറഞ്ഞ സ്ഥലം ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്നതിന്റെ ഉദാഹരണങ്ങളും നമുക്ക്‌ കാണാൻ കഴിയും. അത്തരം മാതൃകകളാണ്‌ കേരളം പിന്തുടരേണ്ടത്‌. മറിച്ചുള്ള നിബന്ധനകൾ അടിച്ചേല്‌പിക്കുന്നത്‌ കേരളത്തോടുള്ള വിവേചനമായോ അവഗണനയായോ മാത്രമേ കാണാൻ കഴിയൂ. അതുകൊണ്ട്‌ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വന്‍കിട വ്യവസായ സ്ഥാപനങ്ങൾ, റോഡ്‌വികസനം മുതലായ വന്‍കിട പദ്ധതികൾ കേരളത്തിൽ ‍സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമ്പോൾ ഭൂമി ആവശ്യം പരമാവധി കുറച്ചുകൊണ്ട്‌ അവ എങ്ങനെ നടപ്പാക്കാം എന്ന പരിഗണനയ്‌ക്ക്‌ പ്രാധാന്യം നല്‌കണം എന്ന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട്‌ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ അഭ്യര്‍ത്ഥിക്കുന്നു.

2.വിവാഹാനന്തരം ജീവിത പങ്കാളികള്‍ആര്‍ജ്ജിക്കുന്ന സ്വത്തില്‍തുല്യാവകാശം ഉറപ്പാക്കുക.

കുടുംബത്തിന്റെ അധ്വാനത്തില് ‍പകുതിയോ അതിലേറെയോ നിര്‍വഹിക്കുന്ന സ്‌ത്രീക്ക്‌ സ്വത്തിൽ ‍തുല്യാവകാശമെന്നത്‌ ഇന്നും സ്വപ്‌നമാണ്‌. വിവാഹാനന്തരം ദമ്പതികൾ ‍ആര്‍ജ്ജിക്കുന്ന സ്വത്തിൽ ‍ഇരുവര്‍ക്കും തുല്യാവകാശം അനിവാര്യമാണ്‌. സ്‌ത്രീയുടെ കുടുംബത്തിൽ നിന്ന്‌ കിട്ടിയ സാമ്പത്തിക സഹായമോ സ്വര്‍ണ്ണമോ ഉപയോഗിച്ചു കൂടിയാവും പലപ്പോഴും വിവാഹാനന്തരം കുടുംബം ആര്‍ജ്ജിക്കുന്ന സ്വത്ത്‌. അല്ലെങ്കില് ‍ദമ്പതികളുടെ കൂട്ടായ യത്‌നത്തിന്റെ ഭാഗമായിട്ടുമാകാം. പക്ഷേ സ്‌ത്രീയുടെ വരുമാനം പലപ്പോഴും കണക്കാക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുക പതിവാണ്‌. പൊതുവിൽ  വരുമാനമില്ലാത്ത സ്‌ത്രീയാണെങ്കിൽ പോലും അവൾ കുടുംബത്തിൽ നിര്‍വഹിക്കുന്ന അധ്വാനം പരിഗണിക്കപ്പെടേണ്ടതാണ്‌. എന്നാൽ ‍നിലവിലുള്ള സാമൂഹ്യാവസ്ഥയിൽ നിയമപരമായോ അല്ലാതേയോ അത്തരം പരിഗണനകളൊന്നും ലഭിക്കുന്നില്ലെന്നു മാത്രമല്ല  വസ്‌തുവകകൾ വാങ്ങുന്നത്‌ മിക്കവാറും കുടുംബനാഥനായ പുരുഷന്റെ പേരിലാണ്‌. തത്‌ഫലമായി, വിവാഹബന്ധങ്ങൾ ശിഥിലമാകുകയാണെങ്കിൽ തുല്യാവകാശം തെളിയിക്കപ്പെടാൻ ‍കഴിയാതെ വസ്‌തുവകകൾ ‍പുരുഷന്റെതാകുകയും സ്‌ത്രീ സാമ്പത്തികമായൊന്നുമില്ലാത്തവളായി മാറുകയും ചെയ്യുന്ന സ്ഥിതിയുമുണ്ട്‌. ഗാര്‍ഹികാതിക്രമങ്ങളില്‍നിന്ന്‌ സ്‌ത്രീകളെ സംരക്ഷിക്കുന്ന നിയമം സ്‌ത്രീക്ക്‌ വിവാഹാനന്തര ഗൃഹത്തിൽ (matrimonial home) താമസിക്കാൻ  അവകാശം നല്‍കുന്നുണ്ടെങ്കിൽ പോലും അതിൽ ഉടമസ്ഥതയോ തന്റേതായ അംശം ഭാഗിച്ച്‌ കിട്ടാനുള്ള അവകാശമോ നല്‍കുന്നില്ല. ആത്യന്തികമായി ഭര്‍തൃ വീട്ടില്‍താമസിക്കാമെന്നല്ലാതെ വേര്‍പെട്ടു താമസിക്കണമെങ്കിൽ ജീവിതകാലത്തുണ്ടാക്കിയ സമ്പാദ്യങ്ങളും അധ്വാനത്തിന്റെ ഫലവും ഉപേക്ഷിച്ചുവേണം പോകേണ്ടത്‌. പൊതുവിൽ സ്വത്ത്‌ നിഷേധം സ്‌ത്രീകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലിനും അവഗണനക്കും ഒരു കാരണമാണ്‌. ജസ്റ്റിസ്‌ വി ആർ.  കൃഷ്‌ണയ്യർ ‍ചെയര്‍മാനായി കേരളസര്‍ക്കാര്‍നിയോഗിച്ച Low reforms കമ്മിറ്റി വിവാഹാനന്തരം ഭാര്യാഭര്‍ത്താക്കന്‍മാരാര്‍ജ്ജിക്കുന്ന സ്വത്തിൽ തുല്യാവകാശം ഉറപ്പുവരുത്തുന്ന പുതിയ നിയമനിര്‍മ്മാണം നിര്‍ദ്ദേശിക്കുന്നുണ്ട്‌. സംസ്ഥാന സര്‍ക്കാറിന്റെ വനിതാനയവും കര്‍മ്മ പദ്ധതിയും ഇത്തരം ഒരു ലക്ഷ്യം മുന്നോട്ടുവെക്കുന്നുണ്ട്‌.വിവാഹാനന്തരം ദമ്പതികള് ‍ആര്‍ജ്ജിക്കുന്ന സ്വത്തിൽ ഇരുവര്‍ക്കും തുല്യമായ അവകാശം ഉറപ്പുവരുത്തുന്നതിനാവശ്യമായ നിയമനിര്‍മ്മാണം അടിയന്തിരമായി നടപ്പാക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ  പരിഷത്ത്‌47-ം സംസ്ഥാന സമ്മേളനം സര്‍ക്കാറിനോട്‌ ആവശ്യപ്പെടുന്നു.

3.ഭൂസംരക്ഷണ നയവും അനുബന്ധ നിയമങ്ങളും നടപ്പിലാക്കുക.

ജൈവ വൈവിധ്യത്താലും വ്യത്യസ്തമായ ആവാസ വ്യവസ്ഥകളാലും സമ്പന്നമായ നാടാണ്‌ കേരളം. എന്നാല്‍ അമിതമായ വിഭവചൂഷണത്തിന്റെ ഫലമായി കടുത്ത പാരിസ്ഥിതിക തകര്‍ച്ചയെ നേരിടുകയാണ്‌ ഇന്ന് ‌നമ്മുടെ നാട്‌. കഴിഞ്ഞ രണ്ടു ദശകക്കാലമായി പ്രോത്സാഹിപ്പിക്കപ്പെടുന്നതും സ്വയമേവ വളരുന്നതുമായ വികസനപ്രവര്‍ത്തനങ്ങളിലേറെയും ഭൂമിയുടെ സവിശേഷതയെ പാടെ മാറ്റിമറിക്കുന്നതും ഭൂവിഭവങ്ങളെ അമിതമായി ആശ്രയിക്കുന്നവയുമാണ്‌. ഇതിന്റെ ഫലമായി നെല്‍പാടങ്ങളും തണ്ണീര്‍ത്തടങ്ങളും ഉള്‍നാടന്‍കുന്നുകളും നൈസര്‍ഗ്ഗിക ആവാസവ്യസ്ഥകളുമെല്ലാം ദിനംപ്രതി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇത് ‌പ്രകൃതിദത്തമായ നീരൊഴുക്കിനേയും നദീതടവ്യവസ്ഥയേയും തകിടം മറിക്കുമെന്നത് ‌വ്യക്തമാണ്‌. കാര്‍ഷിക വ്യവസ്ഥയെ പുനര്‍ജ്ജീവിപ്പിക്കാനാവാത്ത വിധം കയ്യൊഴിയുന്നതിലേക്കായിരിക്കും ഇത്‌ നയിക്കുക. മഴ ഏറ്റവും കൂടുതല് ‍ലഭിക്കുമ്പോഴും കടുത്ത വരള്‍ച്ച കേരളത്തിന്റെ മുഖമുദ്രയാവുകയാണ്‌. ഭക്ഷ്യസുരക്ഷയും ആരോഗ്യകരമായ ജീവിതവും ശിഥിലമാവുന്നതിലേക്കാണിവ നയിക്കുക.
ഭൂവിനിയോഗത്തില്‍വന്നുകൊണ്ടിരിക്കുന്ന ഈ മാറ്റം ഏതെങ്കിലും അടിസ്ഥാന ഉത്‌പാദന പ്രവര്‍ത്തനത്തിന്റെയോ അത്യന്താപേക്ഷിതമായ അടിസ്ഥാന സൗകര്യ വിപുലീകരണത്തിന്റെ ഭാഗമായോ അല്ല സംഭവിക്കുന്നത്‌. അടിസ്ഥാന ഉത്‌പാദന ഉപാധിയായ ഭൂമി ഇന്ന്‌ പരിഗണിക്കപ്പെടുന്നത്‌ മുഖ്യമായും ക്രയവിക്രയം ചെയ്യപ്പെടേണ്ട ചരക്കായാണ്‌. നിക്ഷേപത്തിനും ഊഹക്കച്ചവടത്തിനും ഏറ്റവും അനുയോജ്യമായ വസ്‌തുവായി അത്‌ പരിണമിച്ചിരിക്കുന്നു. സമൂഹത്തിൽ ‍ഈ വിഭ്രാന്തി എത്രത്തോളം പ്രബലമാണെന്നതിന്റെ സൂചനകൂടിയാണ്‌ സ്ഥലത്തിന്റെ വന്‍തോതിലുള്ള വിലക്കയറ്റം. ഈ പശ്ചാത്തലത്തിൽ കൂടുതൽ വിപണന സാധ്യത ലക്ഷ്യമാക്കിയാണ്‌ ഭൂപ്രകൃതിയിൽ ‍വരുത്തുന്ന മാറ്റങ്ങളിലേറെയും ഇന്ന് ‌നടക്കുന്നത്‌. റിയൽ ‍എസ്റ്റേറ്റ് ‌ഇടപാടുകളുടെ സാധ്യതകൾ മുന്‍നിര്‍ത്തിക്കൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസന പരിപാടികളും ഇന്ന്‌ ആവിഷ്‌കരിക്കപ്പെടുന്നു. താത്‌കാലിക ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള ഈ പ്രവര്‍ത്തനങ്ങൾ വളരെ വലിയ പാരിസ്ഥിതിക നാശത്തിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കുമാണ്‌ നയിക്കുക എന്നത്‌ തിരിച്ചറിയപ്പെടേണ്ടതുണ്ട്‌. അടിസ്ഥാന ഉത്‌പാദന ഉപാധിയായ ഭൂമി യഥാര്‍ത്ഥത്തിൽ ‍സമൂഹത്തിന്റെ പൊതുസ്വത്താണ്‌. അതിനാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ വരുത്തുന്ന ഇടപെടലുകൾ ‍നടത്തുന്നതിനുള്ള അവകാശം കൈവശക്കാരന്‌ ഉണ്ടായിരിക്കാൻ പാടുള്ളതല്ല. സാമൂഹ്യമായ ആവശ്യങ്ങളെ സമതുലിതമായി വിശകലനം ചെയ്‌തുകൊണ്ടു മാത്രമേ നിര്‍മ്മാണത്തിനും ഖനനത്തിനുമെല്ലാം ഭൂമി ഉപയോഗിക്കപ്പെടാൻ ‍പാടുള്ളു. അതിനാല് ‍ഇന്ന് ‌നടക്കുന്ന അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളേയും അതിന്റെ ഭാഗമായുണ്ടാവുന്ന ഭൂ ഇടപാടുകളേയും നിയന്ത്രിക്കേണ്ടതുണ്ട്‌. കേരള സര്‍ക്കാര് ‍അടുത്ത കാലത്ത്‌ രൂപം കൊടുത്ത ഭൂവിനിയോഗ നയവും പാരിസ്ഥിതിക നയവും ഈ അപകടങ്ങളെ ഒരു പരിധി വരെ തിരിച്ചറിയും വിധത്തിലാണ്‌. എന്നിരുന്നാലും നെല്‍വയൽ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തേയും ശാസ്‌ത്രീയമായ നിര്‍ദ്ദേശങ്ങളേയും അവഗണിച്ചുകൊണ്ട്‌ അനിയന്ത്രിതവും അശാസ്‌ത്രീയവുമായ കളിമൺ ഖനനം അനുവദിക്കാനുള്ള നീക്കം ഇന്ന് ‌വ്യാപകമായി മുന്നോട്ടു പോവുകയാണ്‌. നെല്‍വയല്‍ഖനനത്തിന്‌ മുന്‍പ്‌ കൃഷി, റവന്യൂ വകുപ്പുകളുടെ മുന്‍കൂറ്‌ ‍അനുമതി നിര്‍ബന്ധമാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ്‌ ഏര്‍പ്പെടുത്തണമെന്നുമുള്ള നിര്‍ദ്ദേശം പരിഗണിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട നയപ്രഖ്യാപനങ്ങളുടെ ചുവടുപിടിച്ചുകൊണ്ടുള്ള നിയമങ്ങളും ചട്ടങ്ങളും ഉണ്ടാവേണ്ടിയിരിക്കുന്നു. അതിനായി ശാസ്‌ത്രീയമായ സ്‌പേഷ്യൽ ‍പ്ലാന്‍ ഉണ്ടാക്കണമെന്നും കര്‍ശനമായും നടപ്പാക്കണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌47-ാംവാര്‍ഷികം സര്‍ക്കാരിനോടാവശ്യപ്പെടുന്നു.

4. തൊഴില്‍ നിയമനങ്ങളിൽ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കുക.
തൊഴിൽ ചെയ്യുന്നതിൽ സ്ത്രീകള്‍ക്കുള്ള തുല്യ അവകാശം ആധുനിക സമൂഹം അംഗീകരിച്ച കാര്യമാണ്. സ്ത്രീകളുടെ ജൈവപരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നല്‍കുന്ന തൊഴിലിടങ്ങളിലെ ആനുകൂല്യങ്ങൾ സാമൂഹ്യമായി നിറവേറ്റപ്പെടുന്ന സാമൂഹ്യ ഉത്തരവാദിത്തമാണ്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ വിവിധ തലങ്ങളിൽ നടക്കുന്നത്. എന്നാല്‍ ഇതിൽ നിന്ന് വത്യസ്തമായി സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രസവാവധി പോലുള്ള ആനുകൂല്യങ്ങൾ മുന്‍നിര്‍ത്തി സ്ത്രീകളെ നിയമിക്കുന്നതിൽ നിന്ന് പിന്നോട്ട് പോകുവാനുളള പ്രവണത ചില മേഖലകളിൽ ആരംഭിച്ചിരിക്കുന്നത് ഗൌരവമായി കാണേണ്ടിയിരിക്കുന്നു. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് ഏറെ തൊഴില്‍ സാധ്യതയുള്ള ബാങ്കിങ്ങ് മേഖലയിലാണ് ഈ നീക്കം ഇപ്പോൾ ഉണ്ടായിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്ത്രീകളെ നിയമിക്കുന്നത് സംബന്ധിച്ച് മാനേജ്മെന്റ് ഇറക്കിയ നിര്‍ദ്ദേശം വിവാദമാവുകയും വനിതാ സംഘടനകളുടെ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മറ്റ് പല പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ ഇതേ കാര്യം രഹസ്യമായി അനുവര്‍ത്തിക്കുന്നതായി പരീക്ഷ പാസ്സായവരുടെയും നിയമനം ലഭിച്ചവരുടെയും കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. സ്വകാര്യവത്കരണ നയങ്ങളുടെ ഭാഗമായി ബി. എസ്. ആര്‍. ബി നിര്‍ത്തലാക്കുകയും ബാങ്കുകള്‍ക്ക് സ്വന്തം നിലയില്‍ നിയമനം നടത്താന്‍ അവസരം ഉണ്ടാകുകയും ചെയ്തത് അനുകൂല സാഹചര്യമാക്കി മാനേജ്മെന്റുകൾ ഉപയോഗപ്പെടുത്തുകയാണ്. ഈ പ്രവണത നാളെ മറ്റ് മേഖലകളിലേക്കും വ്യാപിച്ചേക്കാം. അതിനാല്‍ തൊഴില്‍ നിയമനങ്ങളില്‍ സ്ത്രീകളോട് പ്രകടിപ്പിക്കുന്ന ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാല്പത്തിയേഴാം  വാര്‍ഷിക സമ്മേളനം ആവശ്യപ്പെടുന്നു..

5. ഭൂമി പൊതുസ്വത്താണ്അവകാശ പ്രഖ്യാപനം

കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള ഭൂനയവും പരിസ്ഥിതി നയവും അവയുടെ ആന്തരാർത്ഥം ഉൾക്കോണ്ട് നടപ്പാക്കി വിജയകരമാക്കണമെങ്കിൽ താഴെ പറയുന്ന സമീപനവും നടപടികളും ആവശ്യമാണെന്ന് പരിഷത്ത് കരുതുന്നു. ഇവ നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതോടൊപ്പം അവക്കനുകൂലമായ ഒരു മനോഭാവം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനുള്ള പ്രചരണ പരിപാടികൾ പരിഷത്ത് ഏറ്റെടുക്കുകയും ചെയ്യുന്നതാണ്.

1. ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കണം. നമുക്ക് കൈമാറി കിട്ടിയ അതിന്മേലുള്ള അവകാശം അത് സുഭദ്രമായി വരും തലമുറകൾക്ക് കൈമാറാനുള്ള ഉത്തരവാദിത്തം കൂടിയാണ്.

2. പൊതുസ്വത്ത് എന്ന നിലയിൽ ഭൂമിയുടെ ഉടമസ്ഥതയും നിയന്ത്രണവും സർക്കാരിൽ നിക്ഷിപ്തമാകണം

3.സ്വകാര്യ വ്യക്തികൾക്ക് ലഭിച്ചിട്ടുള്ള പട്ടയം ആ ഭൂമി നിർദിഷ്ടമായ പ്രത്യേക ആവശ്യങ്ങൾക്ക് (വാസസ്ഥലം, കൃഷി, വ്യവസായം, ഖനനം……) ഉപയോഗിക്കാനുള്ള ലൈസൻസ് മാത്രമാണെന്നും നിയമം മൂലം വ്യക്തമാക്കണം. ഭൂമിയുടെ സ്വഭാവം മാറ്റാനുള്ള അവകാശം അതിൽ‌പ്പെടില്ല.

4.ഉദ്ദിഷ്ടമായ ആവശ്യത്തിന് ഉപയോഗിക്കൻ പറ്റാത്ത സാഹചര്യ്മുണ്ടായാൽ ആ ഭൂമി കമ്പോള വിലയ്ക്ക് സർക്കാരിന് തിരിച്ചു കൊടുക്കണം.

5. ഇത്തരം ഭൂവിനിമയങ്ങളും      സ്വകാര്യ  വ്യക്തികൾ തമ്മിലുള്ള കൈമാറ്റങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഭൂവിനിമയ ബാങ്ക് ഉണ്ടാക്കണം.

6. എല്ലാ സർക്കാർ ഭൂമിയും ഈ ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരണം. സ്വകാര്യ ആവശ്യങ്ങൾക്കോ പൊതു ആവശ്യങ്ങൾക്കോ വേണ്ടതായ ഭൂമി ഭൂവിനിമയ ബാങ്ക് ലഭ്യമാക്കും. ദരിദ്ര വിഭാഗങ്ങൾക്ക് പാർപ്പിടം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം

7. ഭൂവിഭവങ്ങൾക്കായുള്ള (മണ്ണെടുപ്പും വെള്ളമൂറ്റലും ഉൾപ്പെടെ) എല്ലാ ഖനനവും അതിനു വേണ്ടി നിർദ്ദേശിക്കപ്പെട്ട ഭൂമിയിൽ കൃത്യമായ ലൈസൻസിന് വിധേയമായി മാത്രമേ ആകാവൂ. സമഗ്രമായ പാരിസ്ഥിതിക ആഘാതങ്ങൾ വിലയിരുത്തി പരമാവധി ലഘൂകരിച്ചു മാത്രമേ ലൈസൻസ് നൽകാവൂ. ഖനനത്തിനു ശേഷം ആ ഭൂമിയുടെ പുനരുപയോഗത്തിനുള്ള പദ്ധതിയും അതിനുള്ള ചെലവും കൂടി കണക്കിലെടുക്കണം.

8. വൻ തോതിൽ ഖനന സാധ്യതയുള്ള പ്രദേശങ്ങൾക്ക് മൊത്തമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ആവശ്യമായ പുനരധിവാസ പരിപാടികൾ നടപ്പാക്കിയ ശേഷമേ ഖനനം തുടങ്ങാവൂ.

9. നീർത്തടാധിഷ്ഠിത വികസന മാസ്റ്റർ പ്ലാനുകളുടെ അടിസ്ഥാനത്തിലായിരിക്കണം കാർഷിക വികസന പരിപാടികൾ നടപ്പാക്കേണ്ടത്. നെൽ‌പ്പാടങ്ങളായോ നീർത്തടങ്ങളായോ നിർദേശിക്കപ്പെട്ട സ്ഥലങ്ങൾ അപ്രകാരം തന്നെ സംരക്ഷിക്കപ്പെടണം. അവയിൽ എന്തെങ്കിലും മാറ്റം അനിവാര്യമായാൽ ആ സാഹചര്യം പബ്ളിക് ഹിയറിംഗിലൂടെ പൊതുജനങ്ങളെ ബോധ്യപ്പെടുത്തി സുതാര്യമായി ചെയ്യേണ്ടതാണ്.യാതൊരു കാരണവശാലും അത് സ്വകാര്യ ലാഭാര്‍ത്ഥമാകരുത്. പൊതു ആവശ്യങ്ങള്‍ക്കു മാത്രമേ ആകാവൂ.

10.    നഗരപ്രദേശങ്ങളുടെ വികസനത്തിനായി സ്പെഷ്യൽ പ്ലാനിംഗ് സങ്കേതങ്ങള്‍ പാലിച്ചുകൊണ്ട് മാസ്റ്റര്‍പ്ളാനുകള്‍ തയ്യാറാക്കി അവയുടെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനങ്ങള്‍ എടുക്കേണ്ടത്.

11.   തീരദേശ പാലനത്തില്‍ മത്സ്യത്തൊഴിലാളികളുടേയും വനസംരക്ഷണത്തില്‍ ആദിവാസികളുടേയും അവകാശങ്ങള്‍ക്കും ഉപജീവന ആവശ്യങ്ങള്‍ക്കും സംരക്ഷണം നല്‍കുന്ന ഭൂവിനിയോഗമായിരിക്കണം നടപ്പിലാക്കേണ്ടത്.

12.    ടൂറിസം വികസനത്തിനായുള്ള ഭൂവികസനവും മേല്‍സൂചിപ്പിച്ച നിയാമക തത്വങ്ങള്‍ക്ക് വിധേയമായി മാത്രമേ നടപ്പാക്കാവൂ. ഏകജാലക സമ്പ്രദായം ചട്ടങ്ങള്‍ക്കിളവു നല്‍കാനുള്ള പിന്‍വാതിലാകരുത്.

13.    പഞ്ചായത്തുകളേയും ഗ്രാമസഭകളേയും ഭൂസംരക്ഷണത്തിലും ഭൂവിനിയോഗ നിയമ പരിപാലനത്തിലും പങ്കാളികളാക്കണം.

14.    നടപടികള്‍ പരമാവധി സുതാര്യമാക്കാനും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനും ഐ.ടി സങ്കേതങ്ങള്‍ ആവുന്നത്ര പ്രയോജനപ്പെടുത്തണം.

6. വിവരാവകാശനിയമത്തെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയുക.
ഭരണരംഗത്തെ അഴിമതി കുറക്കുവാനും സുതാര്യത വര്‍ദ്ധിപ്പിക്കുവാനും ലക്ഷ്യം വെച്ചുകൊണ്ട് മറ്റനേകം ജനാധിപത്യരാജ്യങ്ങളിലെപോലെ, ഇന്ത്യയിലും വിവരാവകാശ നിയമത്തിന് 2005 ൽ രൂപം നല്‍കി. ഭരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനുള്ള ജനങ്ങളുടെ അവകാശം പൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ട് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും പരിപൂര്‍ണ്ണ പിന്തുണയോടെ ഈ നിയമം ഇന്ത്യൻ പാര്‍ലമെന്റ് ഐകകണ്ഠേന പാസാക്കിയപ്പോൾ ഇന്ത്യയിൽ ജനാധിപത്യം കുറേക്കൂടി സാര്‍ത്ഥകമായി. എന്നാൽ ഈ നിയമം പ്രയോഗത്തിൽ വരാൻ തുടങ്ങിയപ്പോൾ തന്നെ ഉന്നതാധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരും ഭരണഘടനാ സ്ഥാപനങ്ങളിൽ ഉള്ള ഉദ്യോഗസ്ഥന്‍മാരുമൊക്കെ അസ്വസ്ഥത പ്രകടിപ്പിച്ചുതുടങ്ങി. അതിനാൽ നിയമം പാസാക്കി ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ അതിന് അടിയന്തിരമായി ചില ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്രസര്‍ക്കാർ തലത്തിൽ തന്നെ നീക്കങ്ങൾ നടന്നു. ഒരു തീരുമാനമെടുക്കും മുന്‍പ് സര്‍ക്കാർ തലത്തില്‍ നടത്തുന്ന കൂടിയാലോചനകളും ഫയലിൽ ഉദ്യോഗസ്ഥന്‍മാർ എഴുതുന്ന കുറിപ്പുകളും വിവരാവകാശനിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കാന്‍ കഴിയുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്യാനാണ് ശ്രമിച്ചത്. അതിനാവശ്യമായ ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി പോലും നല്‍കിയിരുന്നു. എന്നാല്‍ ഈ മാറ്റം ഫലത്തില്‍ നിയമത്തിന്റെ ശക്തി ചോര്‍ത്തിക്കളയുമെന്നും അതുവീണ്ടും മറ്റു പല നിയമങ്ങളെയും പോലെ വിവരാവകാശനിയമത്തിനേയും നോക്കുകുത്തിയാക്കും എന്നും കണ്ടറിഞ്ഞ് ഈ നീക്കത്തിനെതിരെ ആക്റ്റിവിസ്റ്റുകളും ജനാധിപത്യവാദികളും ബഹുജനമാധ്യമങ്ങളും ശക്തമായി രംഗപ്രവേശം ചെയ്തു. അതോടെ അന്ന് ആ നീക്കം തന്ത്രപരമായി പിന്‍വലിച്ചിരുന്നു.     കഴിഞ്ഞ നാല് വര്‍ഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളം ആളുകള്‍ ഈ നിയമം വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ രഹസ്യമായി സൂക്ഷിക്കാന്‍ ശ്രമിക്കുന്ന ഏതു കാര്യവും ഈ നിയമം ഉപയോഗിച്ചുപുറത്തുകൊണ്ടുവരാന്‍ പല സംഘടനകളും വ്യക്തികളും വളരെ ജാഗ്രതയോടെ. ഇത് അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന പലരേയും വീണ്ടും അസ്വസ്ഥരാക്കുന്നു., അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഭേദഗതികള്‍ കൊണ്ടുവന്ന് ഈ നിയമത്തെ ഫലത്തില്‍ നിര്‍ജ്ജീവമാക്കാനുള്ള പുതിയ നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചതായി ഒരു കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ തന്നെ വെളിപ്പെടുത്തിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.  ഗവണ്‍മെന്റ് എതെങ്കിലും പ്രശ്നത്തില്‍ തീരുമാനമെടുക്കും മുമ്പ് നടക്കുന്ന ചര്‍ച്ചകളുടേയും കൂടിയാലോചനയുടേയും വിവരങ്ങള്‍ ഈ നിയമത്തിന്റെ പരിധിയിൽ  നിന്ന് ഒഴിവാക്കണം എന്നുതന്നെയാണ് ഇപ്പോൾ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഭേദഗതിയുടേയും അന്ത:സത്ത. ഏതു വിധേനയും വിവരാവകാശനിയമത്തെ ദുര്‍ബലപ്പെടുത്തി ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഗൂഢമായി അട്ടിമറിക്കുക എന്നതാണ് ഈ ഭേദഗതിയുടെ ലക്ഷ്യം എന്നത് വളരെ വ്യക്തമാണ്.     ഈ പശ്ചാത്തലത്തിൽ സാര്‍ത്ഥകമായ ജനാധിപത്യ സമ്പ്രദായം നിലനിര്‍ത്തുന്നതിനും അഴിമതിയില്ലാത്ത സംശുദ്ധമായ ഭരണം, ജനങ്ങള്‍ക്ക് നീതി ലഭിക്കത്തക്കതരത്തില്‍ നടത്തികൊണ്ടുപോകുന്നതിനും സഹായകമായ 2005 ലെ വിവരാവകാശ നിയമത്തിൽ ഭേദഗതികൾ വരുത്തി ദുര്‍ബലപ്പെടുത്താൻ വേണ്ടി ആവര്‍ത്തിച്ചാവര്‍ത്തിച്ച് നടത്തുന്ന ശ്രമത്തിൽ നിന്നും കേന്ദ്രസര്‍ക്കാർ പിന്തിരിയണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 47 ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെടുന്നു.

7. ജനാധിപത്യ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടുക

കേരളത്തിലെ വിദ്യാഭ്യാസം സംഘര്‍ഷവേദിയായി തന്നെ തുടരുകയാണ്. ഒരുവശത്ത് വിദ്യാഭ്യാസ  അവകാശ നിയമം കേരളത്തില്‍ നടപ്പാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമിതിയെ നിയോഗിക്കുക, പാഠ്യപദ്ധതി നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുക, ഉന്നത വിദ്യാഭ്യാസ രംഗത്ത് ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായം നടപ്പിലാക്കുക തുടങ്ങി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണ്. ജാതിമത കമ്പോള ശക്തികളുടെ എതിര്‍പ്പും വിദ്യാഭ്യാസരംഗം ആകെ താറുമാറായിരിക്കുകയാണെന്ന പ്രചരണവും അതിനോടൊപ്പം തന്നെ നടക്കുന്നു. ഈ സംഘര്‍ഷം ദേശീയ തലത്തില്‍ നടക്കുന്ന വിദ്യാഭ്യാസ പരിവര്‍ത്തനങ്ങളുടെയും കേരള ജനതയുടെ മനോഭാവങ്ങളില്‍ വരുന്ന മാറ്റങ്ങളുടെയും പശ്ചാത്തലത്തിലാണ് നടക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഏറെയായി കേന്ദ്ര ഭരണകൂടം വിദ്യാഭ്യാസരംഗത്ത് പരസ്യമായ കമ്പോളവല്‍ക്കരണത്തിന്റെ പാതയിലാണ്. സ്വാശ്രയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, വിദേശ മൂലധന നിക്ഷേപമുള്‍പ്പെടെ സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസത്തെ ******** ന്റെ പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ദേശീയ വരുമാനത്തിന്റെ ആറു ശതമാനം വിദ്യാഭ്യാസത്തിനു നീക്കിവെക്കുമെന്നത് 1991 മുതലുള്ള പ്രഖ്യാപിത ലക്ഷ്യമായിരുന്നിട്ടും ഇതുവരെ നടപ്പിലായിട്ടില്ല. ഭരണഘടനാ ബാധ്യതയുടെ ഭാഗമായി പാസാക്കപ്പെട്ട വിദ്യാഭ്യാസാവകാശ നിയമത്തിൽ പോലും സ്വകാര്യ അൺ-എയ്ഡഡ് വിദ്യാലയങ്ങളെ സാധൂകരിക്കുന്ന വകുപ്പുകളുൾപ്പെടുത്തിയത് ഈ നിലപാടിന്റെ ഭാഗമാണ്. കോടതി വിധികളും എക്സിക്യൂട്ടീവ് നിലപാടുകളും സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമാണ്. ഈയിടെയായി വിദ്യാഭ്യാസത്തിനുവേണ്ടി പ്രഖ്യാപിക്കപ്പെട്ട നാഷണൽ കൌണ്‍സിൽ ഫോർ ഹയർ എഡ്യുക്കേഷൻ ആന്‍ഡ് റിസര്‍ച്ചും സ്കൂൾ തലത്തില്‍ അക്രഡിറ്റേഷൻ കൊണ്ടുവരാനുള്ള നീക്കവും ഒരു വശത്ത് കേന്ദ്രീകരണവും  മറുവശത്ത് സ്വകാര്യവല്‍ക്കരണവും ഉറപ്പുവരുത്തും. കേരളത്തിലെ മധ്യവര്‍ഗം എല്ലാകാലത്തും സ്വകാര്യ വിദ്യാലയങ്ങളെ പിന്തുണച്ചിട്ടുണ്ട്. സ്വകാര്യ വിദ്യാലയങ്ങളെ പൊതുമാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിലനിര്‍ത്തുകയും സൌജന്യ സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും ചെയ്യുന്ന കേരള വിദ്യാഭ്യാസ നിയമത്തിന് അംഗീകാരം നല്‍കാനും കേരള ജനത സന്നദ്ധമായി. എന്നാൽ ഇന്ന് കേരളത്തിലെ മധ്യവര്‍ഗം ആഗോള തൊഴിൽ വിപണിയെയും വരുമാനദായകമായ തൊഴിലുകളെയും ലക്ഷ്യമാക്കി വാണിജ്യം നടത്തുന്ന വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഇത്തരം വിദ്യാലയങ്ങള്‍ക്ക് പിന്നിൽ ജാതിമത സാമൂദായിക ശക്തികള്‍ സംഘടിക്കുകയും അവരുടെ അണികളെ വാണിജ്യ വിദ്യാഭ്യാസത്തിന് അനുകൂലികളാക്കി മാറ്റുകയും ചെയ്യുന്നു. കേന്ദ്ര നയങ്ങളും കേരളത്തിലെ മധ്യവർഗ താത്പര്യങ്ങളും ഒന്നുചേര്‍ന്ന് കേരളത്തിൽ വളര്‍ന്നു പന്തലിച്ച ശക്തമായ പൊതുവിദ്യാഭ്യാസ പദ്ധതിയെ തകര്‍ക്കാനൊരുമ്പെടുകയാണ്. എന്നാൽ ഇത്തരം ഒരു സ്ഥിതി വിശേഷത്തിന്റെ ഗൌരവാവസ്ഥ തിരിച്ചറിയുന്നതിനോ അതിനെ പ്രതിരോധിക്കുന്നതിനോ  ഉള്ള സമഗ്രവും ശാസ്ത്രീയവുമായ നടപടികൾ കൈക്കൊള്ളുന്നതിനോ കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കഴിയാതെ പോകുന്നു. തങ്ങൾ തന്നെ തുടക്കമിട്ട പരിപാടികളെ അതിന്റെ യഥാര്‍ത്ഥ

സ്പിരിറ്റിൽ നടപ്പാക്കുന്നതിൽ പരാജയപ്പെടുകയോ അറച്ചുനില്‍ക്കുകയോ ചെയ്യുന്ന കാഴ്ചയാണ് നാം ഇന്നുകാണുന്നത്. ഇന്ന് കേരളത്തിലെ പൊതുവിദ്യാഭ്യാസ പദ്ധതിയെ താങ്ങി നിര്‍ത്തുന്നത് പാഠ്യപദ്ധതി പരിഷ്കാരങ്ങളാണ്. ഹയർ സെക്കണ്ടറി വരെ വ്യാപിക്കുകയും ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തില്‍ പ്രസരിക്കുകയും ചെയ്ത പാഠ്യപദ്ധതി പരിഷ്കാരങ്ങളാണ് വാണിജ്യ സാമുദായിക ശക്തികളുടെ ശത്രുതയ്ക്ക് പാത്രമായിരിക്കുന്നത്. ബൃഹത്തായ മാറ്റങ്ങള്‍ക്കിടയിൽ സംഭവിക്കാവുന്ന ചെറിയ പിഴവുകളെപ്പോലും ഊതിപ്പെരുപ്പിച്ചും ശുദ്ധമായ നുണകൾ നിര്‍മിച്ചും നടത്തുന്ന പ്രചരണം കേരളത്തിന്റെ പൊതു വിദ്യാഭ്യാസ പദ്ധതിയുടെ കടയ്ക്കു കത്തിവെക്കാനും മതവാണിജ്യ ശക്തികളെ സംരക്ഷിക്കാനും വേണ്ടിയുള്ളതാണെന്നതിൽ സംശയമില്ല. ആഗോള വിപണിയുടെ മാത്രമല്ല, അവരുടെ സാംസ്കാരികാധിനിവേശത്തിന്റേയും ഇരകളായി നാം മാറുകയും കേരളത്തിന്റെ ഭാഷാ സാംസ്കാരികവും വൈജ്ഞാനികവുമായ നേട്ടങ്ങള്‍തകരുകയും ചെയ്യുമെന്നതാണ് ഇന്നത്തെ പ്രവണതകളുടെ ആത്യന്തിക ഫലം. ഒരു ജനതയെന്നനിലയില്‍ നമ്മുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഒരു പങ്കും വഹിക്കാതെ വ്യക്തിനിഷ്ഠ ആഗ്രഹങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്ന വിദ്യാലയങ്ങൾ ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന സെക്കുലറിസത്തിനും ജനാധിപത്യത്തിനും ശാസ്ത്രീയവും സാമൂഹ്യവുമായ വിദ്യാഭ്യാസ സങ്കല്പത്തിനും എതിരാണ്. നമ്മുടെ വിദ്യാലയങ്ങളെ മതേതരത്വത്തിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസ പദ്ധതിയില്‍ ഉറപ്പിച്ചു നിര്‍ത്തുകയും അതിനാവശ്യമായ എല്ലാ ഭൌതിക സാഹചര്യങ്ങളും ഒരുക്കുകയും ചെയ്യേണ്ടത് ജനാധിപത്യ ഗവണ്മെന്റിന്റെയും സമൂഹത്തിന്റെയും അടിസ്ഥാന ബാധ്യതയായി ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു:
1. വിദ്യാഭ്യാസ അവകാശ നിയമം കേരളത്തിലെ പൊതുവിദ്യാഭ്യാസ പദ്ധതിയെയും സെക്കുലർ ജനാധിപത്യ വിദ്യാഭ്യാസ സങ്കല്പത്തെയും സംരക്ഷിക്കുന്നവിധത്തില്‍ ആവശ്യമായ മാറ്റങ്ങളോടെ നടപ്പിലാക്കുക
2. കേരള കരിക്കുലം ഫ്രേംവര്‍ക്ക് 2007നെ ആധാരമാക്കി സ്കൂള്‍ വിദ്യാഭ്യാസ രംഗത്തെ കരിക്കുലത്തിലും ബോധനപഠന രൂപങ്ങളിലും വേണ്ടി വരുന്ന മാറ്റങ്ങള്‍ സമ്പൂര്‍ണമായി നടപ്പിലാക്കുക. കരിക്കുലം ഫ്രയിംവര്‍ക്കില്‍ നിര്‍ദ്ദേശിച്ച പ്രകാരം പ്രാഥമിക വിദ്യാഭ്യാസ ബോധന മാധ്യമം നിര്‍ബന്ധമായും മാതൃഭാഷ ആക്കുകയും ഇംഗ്ളീഷ് ഭാഷാപഠനം മെച്ചപ്പെടുത്തി വിദ്യാര്‍ത്ഥികളുടെ പ്രാവീണ്യ നിലവാരം ഉയര്‍ത്തുവാനുള്ള സത്വരമായ നടപടികള്‍ ആവിഷ്കരിക്കുകയും ചെയ്യുക. പൊതുവിദ്യാഭ്യാസ രംഗത്തെ സമാന്തര ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകള്‍ക്ക് അനുവാദം നല്‍കാതിരിക്കുക.
3. കെ ഇ ആര്‍ പരിഷ്കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ചര്‍ച്ചചെയ്ത് നടപ്പിലാക്കുക.
4. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ സ്വകാര്യ വാണിജ്യശക്തികള്‍ക്ക് തീറെഴുതാത്ത വിധത്തില്‍ സാമൂഹ്യ നിയന്ത്രണ സംവിധാനങ്ങളുറപ്പ് വരുത്തി സര്‍വകലാശാലാ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുകയും സെക്കുലറും ജനാധിപത്യപരവും ശാസ്ത്രീയവുമായ ഉന്നതവിദ്യാഭ്യാസ പരിപ്രേക്ഷ്യം ആവിഷ്കരിച്ചു നടപ്പിലാക്കുകയും ചെയ്യുക. എന്‍ട്രന്‍സ് പരീക്ഷാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുക.
5. ശാസ്ത്രീയമായ പാഠ്യപദ്ധതി നടപ്പില്‍ വരുത്തുന്നതിനുള്ള ഭൌതിക സൌകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഫണ്ട് വകയിരുത്തുന്ന വിധത്തില്‍ ബഡ്ജറ്റിലെ വിദ്യാഭ്യാസത്തിനുള്ള വിഹിതം വര്‍ധിപ്പിക്കുക.
6. ശാസ്ത്രീയ വിദ്യാഭ്യാസ പദ്ധതി വളര്‍ത്തിക്കൊണ്ടുവരികയും നടപ്പിലാക്കുകയും ചെയ്യുന്നതിന് സാധ്യമായ വിധത്തില്‍ ടഇഋഞഠ, ഉകഋഠ കള്‍ തുടങ്ങിയവയെ പുനഃസംഘടിപ്പിക്കുകയും, വ്യക്തമായ കാലയളവിനുള്ളില്‍ വിദ്യാലയങ്ങളുടെ അസെസ്മെന്റും പരിഹാര നിര്‍ദേശങ്ങളും നടത്തുന്നതിന് വിവിധ തലത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുക. ഉന്നത വിദ്യാലയങ്ങളുടെ അസെസ്മെന്റ് ഏജന്‍സിയായി ഹയര്‍ എഡ്യുക്കേഷന്‍ കൌണ്‍സിലിനെ അംഗീകരിക്കുകയും മോണിട്ടറിംഗ് അധികാരങ്ങള്‍ സര്‍വകലാശാലകള്‍ക്ക് നല്‍കുകയും ചെയ്യുക.
7. കല, സ്പോര്‍ട്സ് തുടങ്ങിയവയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും കലാമേളകളെ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുകയും ചെയ്യുക.
8. സര്‍വകലാശാലകളുടെ സമഗ്ര സ്വഭാവം അംഗീകരിക്കുക. ഏതെങ്കിലും പ്രത്യേക വിഷയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ ഉപേക്ഷിക്കുക. ആവശ്യമുള്ള മേഖലകളില്‍ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുക. മേല്‍പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെടുന്നു. ഈ ലക്ഷ്യങ്ങള്‍ സാധിച്ചെടുക്കുന്നതിനുവേണ്ടി ഒന്നിച്ചു പോരാടണമെന്ന് എല്ലാ ജനാധിപത്യ മതേതര ശക്തികളോടും ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.

8. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമത്തിന് സമഗ്രനിയമനിര്‍മ്മാണം നടത്തുക.

ലോകത്തില്‍ ഏകദേശം 650 ദശലക്ഷം ആളുകള്‍ ശാരീരികവും മാനസികവുമായ വെല്ലുവിളി അനുഭവിക്കുന്നവരാണ്. ഇന്ത്യയില്‍ ജനസംഖ്യാ കണക്കെടുപ്പുപ്രകാരം 3% പേരാണ് വികലാംഗരെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതില്‍ കൂടുതല്‍ ഉണ്ടാകാനാണ് സാദ്ധ്യത. സമൂഹത്തില്‍ വളരെയധികം പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരാണിവർ. കേരളത്തിൽ 20 ലക്ഷത്തിലധികം പേർ ശാരീരിക -മാനസിക വെല്ലുവിളി നേരിടുന്നവരാണ്. ഈ വിഭാഗത്തിൽ നല്ലൊരു ഭാഗം ദരിദ്രരാണ്. തൊഴിൽ നേടാനുള്ള വിദ്യാഭ്യാസം ലഭിക്കായ്ക, യാത്രാപ്രശ്നങ്ങൾ, തൊഴിലില്ലായ്മ, നിരക്ഷരത, വർദ്ധിച്ച ആരോഗ്യപരിപാലന ചിലവുകൾ, കുടുംബത്തിലേയും, സമൂഹത്തിലേയും ഒറ്റപ്പെടുത്തൽ, ജീവിതം നയിക്കാനാവശ്യമുള്ള വരുമാനം ലഭിക്കായ്ക എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ ഇവര്‍ നേരിടുന്നു. പല രാജ്യങ്ങളും വികലാംഗ ക്ഷേമത്തിന് പല പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല നിയമങ്ങളും നിലവിലുണ്ടെങ്കിലും വികലാംഗര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി തുടരുന്നു. വളരെയധികം മനുഷ്യാവകാശലംഘനം ഈ മേഖലയില്‍ നടക്കുന്നു. ഐക്യരാഷ്ട്രസഭ വികലാംഗര്‍ക്ക് മറ്റുളളവരെ പോലെ ജിവിക്കാനുള്ള അവകാശം നല്‍കണമെന്നും അതിനുള്ള നിയമനിര്‍മ്മാണം നടത്തണമെന്നും അംഗരാജ്യങ്ങളോട് പറഞ്ഞിരുന്നുവെങ്കിലും ഇന്ത്യയിലെ +++++++++++++++++) അടക്കം അപര്യാപ്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് 2008 മെയ് 3 ന് നിലവില്‍ വന്ന വൈകല്യമുള്ളവരുടെ അവകാശങ്ങളെ കുറിച്ചുളള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്‍ നിര്‍ദ്ദേശങ്ങള്‍ പ്രസക്തമാകുന്നത്. ഇന്ത്യയും ഈ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതിലെ 50 വകുപ്പുകളും രാജ്യങ്ങള്‍ക്ക് ബാധകമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് തങ്ങളുടെ രാജ്യങ്ങളിൽ വേണ്ട നിയമനിര്‍മ്മാണം നടത്തണമെന്ന് യു.എന്‍ നിര്‍ദ്ദേശിക്കുന്നു. പ്രത്യേകതരത്തിലുള്ള നിരവധി കഴിവുള്ളവരാണ് വികലാംഗര്‍. അതുകൊണ്ടിവരെ വേറിട്ട കഴിവുള്ളവര്‍ എന്നുവേണം പരാമര്‍ശിക്കാന്‍ എന്നും യു.എന്‍ നിര്‍ദ്ദേശിക്കുന്നു. വികലാംഗര്‍ക്കും മറ്റുമുള്ളവര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും അവസരങ്ങളും ഈ കണ്‍വെന്‍ഷന്‍ ഉറപ്പാക്കുന്നു. രാഷ്ട്രീയ- പൊതുജീവിതം വിദ്യാഭ്യാസം, തൊഴില്‍, പീഡനങ്ങളില്‍ നിന്നുള്ള സ്വാതന്ത്യ്രം, ചൂഷണം, അക്രമം ഇവയില്‍ നിന്നുള്ള മോചനം, യാത്ര ചെയ്യാനുള്ള സ്വാതന്ത്യ്രം, നീതി ലഭിക്കാനുള്ള അവകാശം തുടങ്ങി വികലാംഗരെ ഒഴിവാക്കുന്ന എല്ലാ മേഖലകളിലും തുല്യ അവസ്ഥ ഈ കണ്‍വെന്‍ഷന്‍ ഉറപ്പാക്കുന്നു. വൈകല്യം അനുഭവിക്കുന്നവരുടെ എല്ലാ മനുഷ്യാവകാശങ്ങളും അടിസ്ഥാനസ്വാതന്ത്യ്രവും അംഗീകരിക്കുകയും സംരക്ഷിക്കുകയും അവരുടെ അന്തസ്സിനെ ആദരിക്കുകയും ചെയ്യുന്നതാണ് യൂ.എന്‍ കണ്‍വെന്‍ഷന്‍ നിര്‍ദ്ദേശങ്ങള്‍. ഇന്ത്യയില്‍ ++++  നിലവിൽ വന്നിട്ട് വര്‍ഷങ്ങൾ ഏറെയായെങ്കിലും അതിലെ പല വകുപ്പുകളും ഫലപ്രദമായി നടപ്പാക്കുന്നില്ല. 10 ാം പദ്ധതികാലത്ത് നാമമാത്രമായ തുകയാണ് ഈ മേഖലയില്‍ ചിലവഴിച്ചത്. അതിൽ നല്ലൊരു ഭാഗവും ചില എൻ.ജി.ഒ കളാണ് കൈക്കലാക്കുന്നത്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യമേഖലയിലും വികലാംഗസംവരണം നാമമാത്രമായി പോലും നടപ്പാക്കുന്നില്ല. കേരള സര്‍ക്കാര്‍ പൊതുമേഖല, സഹകരണമേഖല എന്നിവിടങ്ങളില്‍ 3% സംവരണം തത്വത്തില്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. പഞ്ചായത്തുകള്‍ ഈ മേഖലയില്‍ യഥാര്‍ത്ഥ വികലാംഗര്‍ക്ക് പ്രയോജനം കിട്ടുന്ന പ്രോജക്ടുകള്‍ നടപ്പാക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ജണഉ അര നിയമത്തില്‍ ചില മിനുക്കു പണികള്‍ നടത്തി യു.എന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു എന്നു വരുത്താനാണ് ശ്രമിക്കുന്നത്.  വൈകല്യം ബാധിച്ചവര്‍/ വേറിട്ട കഴിവുള്ളവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കണ്ടറിഞ്ഞ് എല്ലാ മേഖലയിലും അവര്‍ക്ക് മറ്റുള്ളവരോടൊപ്പം വളര്‍ന്നുയരാനുള്ള അവസരം ഉറപ്പാക്കുന്ന സമഗ്ര നിയമനിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ നടത്തണമെന്നും, അതുനടപ്പാക്കാനുള്ള സമയബന്ധിത പരിപാടികള്‍ പ്രഖ്യാപിക്കുകയും വേണ്ടത്ര വിഭവം താഴെ തലങ്ങളില്‍ ലഭ്യമാക്കുകയും ചെയ്യണമെന്നും ഈ സമ്മേളനം ആവശ്യപ്പെടുന്നു. സമൂഹത്തിലെ അവശതയനുഭവിക്കുന്ന ഒരു പ്രധാന വിഭാഗമായ വികലാംഗരുടെ പ്രശ്നങ്ങള്‍ പഠിക്കുക അവരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യാന്‍ നാം ശ്രമിക്കേണ്ടതാണ്. ഈ വിഭാഗത്തോട് ഈ സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

ഒരു അഭിപ്രായം ഇടൂ